നവാസ് മേത്തർ
തലശേരി: ഇ.കെ. നായനാരും കോടിയേരി ബാലകൃഷ്ണനും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഉൾപ്പെടെയുള്ള നിരവധി പ്രമുഖരെ നിയമസഭയിൽ എത്തിച്ച തലശേരിയിൽ നിന്നും ഇത്തവണ നിയമസഭയിൽ എത്തുന്നത് ആരായിരിക്കും. സ്ഥാനാർഥി നിർണയത്തിൽ മുന്നണികൾ തീരുമാനം എടുത്തിട്ടില്ലെങ്കിലും ചർച്ചകൾ സജീവമാണ്. തലശേരി നഗരസഭയും കതിരൂർ, എരഞ്ഞോളി, ചൊക്ലി, പന്ന്യന്നൂർ, ന്യൂമാഹി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് തലശേരി നിയമസഭാ മണ്ഡലം. ഇവിടെയെല്ലാം ഭരണം എൽഡിഎഫിനാണ്. കോടിയേരി ബാലകൃഷ്ണൻ അഞ്ചുതവണ എംഎൽഎയായ മണ്ഡലമാണ് തലശേരി.
ഇടതുപക്ഷത്തുനിന്ന് നിലവിലെ സിറ്റിംഗ് എംഎൽഎയും നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ, മുഖ്യമന്തിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, റബ്കോ ചെയർമാർ കാരായി രാജൻ എന്നിവരുടെ പേരുകളും യുഡിഎഫിൽനിന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി മുൻ പ്രസിഡന്റ് മമ്പറം ദിവാകരൻ, ഇപ്പോഴത്തെ പ്രസിഡന്റ് കെ.പി സാജു , യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂർ കോർപറേഷൻ കൗൺസിലറുമായ റിജിൽ മാക്കുറ്റി എന്നിവരുടെ പേരുകളുമാണ് സജീവമായുള്ളത്.
രണ്ടുതവണ തലശേരി മണ്ഡലത്തിൽ എംഎൽഎയായ എ.എൻ. ഷംസീർ മൂന്നാം തവണയും ഇടതു സ്ഥാനാർഥിയാകുമെന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന. മൂന്നു പതിറ്റാണ്ടായി എൽഡിഎഫിന് മുൻ തൂക്കമുള്ള മണ്ഡലമാണ് തലശേരി. തുടർച്ചയായി രണ്ടുതവണ മത്സരിക്കുന്നവർ മാറി നിൽക്കണമെന്ന സിപിഎം മാനദണ്ഡം നടപ്പിലായാൽ ഷംസീറിന് പകരക്കാരൻ എത്തിയേക്കും.
പാർട്ടി നടപടിക്ക് വിധേയമായ ശേഷം സംസ്ഥാന കമ്മിറ്റിയിൽ എത്തിയ മുതിർന്ന നേതാവു കൂടിയായ പി. ശശിയെ ഉറച്ച സീറ്റിലൂടെ നിയമസഭയിൽ എത്തിക്കാൻ പാർട്ടി തീരുമാനിക്കാനാനുള്ള സാധ്യത നിരീക്ഷകർ തളളിക്കളയുന്നില്ല. ബിജെപിക്ക് കഴിഞ്ഞ തവണ മണ്ഡലത്തിൽ സ്ഥാനാർഥിയുണ്ടായിരുന്നില്ല. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പത്രിക നല്കിയെങ്കിലും തള്ളി. എൽഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മത്സരം. ഇത്തവണ ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
തദ്ദേശത്തിൽ എൽഡിഎഫിന്
മികച്ച ഭൂരിപക്ഷം
തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് തലശേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ1723 വോട്ടിന്റെ ഭൂരിപക്ഷം തദ്ദേശതെരഞ്ഞെടുപ്പിൽ നേടി. 40,586 വോട്ടായിരുന്നു എൽഡിഎഫിന്റെ ലീഡ് നില. എന്നാൽ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 8630 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന് ലഭിച്ചത്.
2021 ലെ നിയമസഭ (സ്ഥാനാർഥി,
മുന്നണി, കിട്ടിയ വോട്ട്)
എ.എൻ. ഷംസീർ (എൽഡിഎഫ്)- 81810
എം.പി. അരവിന്ദാക്ഷൻ (യുഡിഎഫ്)-45009
വിജയി: എ.എൻ. ഷംസീർ, ഭൂരിപക്ഷം-36801